ആലപ്പുഴയിലെ കൊലപാതകങ്ങള്‍; 'യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞു', പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് സജി ചെറിയാന്‍

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കെ.എസ് ഷാന്‍, ഓ.ബി.സി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരുടെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു. കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. ഒരു കാരണവശാലും പ്രതികള്‍ രക്ഷപ്പെടില്ല. ലോകത്ത് എവിടെ പോയാലും പ്രതികളെ പിടികൂടുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി പ്രചരിപ്പിക്കുകയാണ്. രണ്ട് സംഘടനകളും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നും സജി ചെയറിയാന്‍ പറഞ്ഞു. എ.എം ആരിഫ് , എച് സലാം, എന്നിവര്‍ക്കെതിരായ ബി.ജെ.പി ആരോപണങ്ങളെ മന്ത്രി വിമര്‍ശിച്ചു. ഇവര്‍ കമ്മ്യൂണിസ്റ്റ് നേതാക്കളാണ്
തീവ്ര സംഘടനകള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read more

രണ്‍ജീത് വധക്കേസില്‍ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോവുകയാണ്. കൊലപാതകം നടത്തിയവര്‍ക്ക് കേരളത്തിന് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ രാത്രിയും ആലപ്പുഴ ജില്ലയില്‍ എസ്ഡിപിഐ- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കെ.എസ് ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡിലുള്ള അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും.