കോവളത്തെ പതിനാലുകാരിയുടെ കൊലപാതകം ; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കോവളത്ത് ഒരു വര്‍ഷം മുമ്പ് നടന്ന പതിനാലുകാരിയുടെ കൊലപാതകത്തില്‍ പ്രതികളെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ റഫീക്കാ ബീവിയെയും മകന്‍ ഫെഫീക്കിനെയുമാണ് തെളിവെടുപ്പിന് എത്തിച്ചത്. ഹെല്‍മെറ്റ് അണിയിച്ച് കൊണ്ടാണ് ഇവരെ തെളിവെടുപ്പ് നടത്തിയത്.

തിരുവനന്തപുരത്ത് അയല്‍വാസിയായ ശാന്തകുമാരിയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു വര്‍ഷം മുമ്പ് നടത്തിയ കൊലപാതകത്തെ കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് മര്‍ദ്ദിച്ച സംഭവം വിവാദമായി മാറിയിരുന്നു.

2020 ഡിസംബറിലാണ് റഫീഖയും മകന്‍ ഷെഫീക്കും ചേര്‍ന്ന് അയല്‍വാസിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് പെണ്‍കുട്ടിയുടെ മരണകാരണം എന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മകന്‍ പീഡിപ്പിച്ച വിവരം പുറത്ത് വരാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊന്നത് എന്ന് റഫീക്ക പൊലീസിന് മൊഴി നല്‍കിയിരുന്നു. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് പെണ്‍കുട്ടിയെ കൊന്നത്. ശാന്തകുമാരിയുടെ തലയക്കടിച്ച അതേ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പനങ്ങോട് പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്കാണ് ഇവര്‍ താമസിച്ചരുന്നത്.