'ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും'; രാഹുല്‍ ഗാന്ധിയുടെ രാജി കെപിസിസി പുനസംഘടനയെ ബാധിക്കില്ലെന്ന് മുല്ലപ്പള്ളി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാമണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ രാജി കെപിസിസി പുനസംഘടനയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് ചേരുന്ന രാഷ്ട്രീയകാര്യസമിതിയോഗം പുനസംഘടന ചര്‍ച്ചചെയ്യും. എന്നാല്‍ രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനത്ത് തുടരുന്നതിലുള്ള അനശ്ചിതത്വം തീരാതെ അന്തിമ തീരുമാനങ്ങളുണ്ടാകില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ആറ് നിയമസഭാ മണ്ഡലങ്ങളാണ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ എംഎല്‍എമാരുടെ രാജിയാണ് ഉപ തിരഞ്ഞെടുപ്പിന് കാരണമാകുന്നതെങ്കില്‍ മഞ്ചേശ്വരവും പാലയും എംഎല്‍എമാരുടെ മരണം നിമിത്തമാണ് ഒഴിഞ്ഞു കിടക്കുന്നത്.

പ്രാതിനിധ്യമില്ലാതെ ഒരു മണ്ഡലം ആറു മാസത്തില്‍ കൂടുതല്‍ ഒഴിഞ്ഞു കിടക്കരുതെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി ബി അബ്ദുല്‍ റസാഖിന്റെ വിജയത്തെ ചോദ്യം ചെയ്ത് പരാജയപ്പെട്ട ബിജെപി സഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതിയില്‍ ഇപ്പോഴും തുടരുന്നതു കൊണ്ടാണ് ഉപ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തത്. ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായിട്ടില്ല.

കെ എം മാണിയുടെ മരണത്തെത്തുടര്‍ന്ന് പാലയിലുണ്ടായ ഒഴിവ് നികത്തുന്നതിന് ഇനി മൂന്നു മാസമാണ് ബാക്കിയുള്ളത്. ജൂലൈ 15ന് ഹൈക്കോടതിയിലെ കേസില്‍ തീരുമാനമാകുന്നില്ലെങ്കില്‍ മഞ്ചേശ്വരം ഒഴിവാക്കി മറ്റിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.