പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലമെന്ന് മുഹമ്മദ് റിയാസ്; മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം

കോഴിക്കോട് കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംഭവത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. പാലം തകര്‍ന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നുവെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ തകരാറാണ് തകര്‍ച്ചയ്ക്ക് കാരണം. ഗുണനിലവാര പരിശോധനാ ഫലം തൃപ്തികരമായിരുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു. ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സര്‍ക്കാരിനില്ല. പ്രതിപക്ഷ എംഎല്‍എ മാര്‍ തന്നെ ഇതേ കമ്പനിയെ നിയോഗിക്കണമെന്ന് കത്ത് നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ട് സ്വീകരിക്കുക അല്ല സര്‍ക്കാര്‍ നയം. പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ മന്ത്രിക്ക് വീഴ്ച പറ്റിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം എന്ന് റോജി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിര്‍മാണ കരാര്‍ ഉള്ള ഊരാളുങ്കലിനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. ഇതേ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബര്‍മുഡ ഇട്ടാല്‍ ബര്‍മുഡ ഇട്ടു എന്ന് തന്നെ പറയും അല്ലാതെ പാന്റ് എന്ന് പറയില്ലഏതെങ്കിലും ഒരു പ്രത്യേക കമ്പിനിയോട് പ്രത്യേക മമതയോ വിദ്വേഷമോ സര്‍ക്കാരിനില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അതേസമയം രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ അപലപിച്ചു, എന്നാല്‍ എകെജി സെന്റര്‍ ആക്രമണത്തില്‍ അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നില്ല. സഭയിലെ ബിജെപി അംഗങ്ങളുടെ അഭാവം കോണ്‍ഗ്രസ് നികത്തുകയാണോയെന്ന് റിയാസ് ചോദിച്ചു.