വാളയാറില്‍ വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് അമ്മ; അറിഞ്ഞിട്ടും സി.ബി.ഐ തള്ളിക്കളഞ്ഞെന്ന് ആരോപണം

വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി കുട്ടികളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥന്‍ എംജെ സോജന്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റാന്‍ ശ്രമിച്ചുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. ഈ വിവരം താന്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും വിലക്കെടുത്തില്ലെന്നും അമ്മ പറയുന്നു. ആദ്യ പെണ്‍കുട്ടി മരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അമ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

പെണ്‍കുട്ടികളെ രണ്ട് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജന്‍ നിര്‍ബന്ധിച്ചുവെന്ന് അമ്മ പറയുന്നു. നീതി ആവശ്യപ്പെട്ട് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണപരിശോധന നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരന്തര ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. 2017 ജനുവരി പതിമൂന്നിനായിരുന്നു ആദ്യപെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഇളയ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുടുംബം പറയുന്നു.