പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി കൊണ്ടുള്ള ഒരു പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തികൊണ്ടുള്ള ഒരു പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി ക്കെതിരെയുള്ള ഒരു വലിയ മതേതര മുന്നേറ്റം സാധ്യമാകുന്നതിന്റെ സാഹചര്യങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മതേതര ഇന്ത്യക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വളരെ വലിയ ഒരു ജനകീയ മുന്നേറ്റമാണ് ഈ യാത്രയിലുടനീളം ദര്‍ശിക്കാനാവുന്നത്. അത്രയധികം ആവേശത്തിലും, വൈകാരികമായും ജനങ്ങള്‍ ഈ യാത്രയെ ഏറ്റെടുത്തിരിക്കുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള വലിയൊരു ജനകീയ താക്കീതായി രാഹുല്‍ ഗാന്ധിയുടെ ഈ യാത്ര മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തികൊണ്ടുള്ള ഒരു പ്രതിപക്ഷ ഐക്യത്തിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നിതീഷ്‌കുമാറും, ലാലു പ്രസാദ് യാദവും, ആ വിഷയത്തില്‍ സോണിയ ഗാന്ധിയുമായി ഏറ്റവും അവസാനം നടത്തിയ കൂടിക്കാഴ്ചയുമൊക്കെ വലിയ പ്രതീക്ഷയാണ് മതേതര ഇന്ത്യക്ക് നല്‍കുന്നത്.

ബി.ജെ.പി ക്കെതിരെയുള്ള ഒരു വലിയ മതേതര മുന്നേറ്റം സാധ്യമാകുന്നതിന്റെ സാഹചര്യങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളൊക്കെ ഇന്നത്തെ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മതേതര ഇന്ത്യക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.