മങ്കിപോക്‌സ്; സംസ്ഥാനമൊട്ടാകെ ജാഗ്രതാനിര്‍ദ്ദേശം, തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ചു ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാലാണ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തും. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും.

ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ രോഗം സ്ഥീരീകരിച്ചിരിക്കുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.

തെറ്റായ പ്രചരണങ്ങള്‍ നടത്തരുത്. എല്ലാ ജില്ലകളും ബോധവത്ക്കരണം ശക്തമാക്കണം. എന്തെങ്കിലും സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.