മോഫിയയുടെ മരണം; സി.ഐയ്ക്ക് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട്

 

മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. ചെറിയ തെറ്റുകൾ മാത്രമാണ് സി.ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. വിശദമായ റിപ്പോർട്ട് ഇന്ന് ഡി.ഐ.ജി, ഡി.ജി.പിക്ക് കൈമാറും.

അതേസമയം നിയമ വിദ്യാർഥിനിയായ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീണിന്റെ മരണത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും.

തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മോഫിയ പർവീണിനെ തിങ്കളാഴ്ച വൈകിട്ടാണു സ്വവസതിയിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണു ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ ചുമത്തിയിരിക്കുന്നത്.

സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും മോഫിയ ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.ഐയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. സി.ഐ സര്‍വീസില്‍ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മോഫിയയുടെ അമ്മ ഫാരിസ പറഞ്ഞിരുന്നു. ഡിവൈഎഫ്‌ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ സ്റ്റേഷനില്‍ എത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു. സിഐയെ സ്ഥലം മാറ്റിയത്‌കൊണ്ടും സസ്‌പെൻഡ് ചെയ്തതു കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണം എന്ന് മോഫിയയുടെ അമ്മ പറഞ്ഞു.