മോദിയുടെ കൊച്ചി സന്ദര്‍ശനം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍തടങ്കലില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന ഭാഗമായി കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍തടങ്കലിലാക്കി പൊലീസ്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍തടങ്കലിലാക്കിയത്.

കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി എന്‍ ആര്‍ ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്‌കര്‍ ബാബു, ബഷീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ പള്ളുരുത്തി പൊലീസ് പ്രവര്‍ത്തകരെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വൈകിട്ട് അഞ്ചിന് കൊച്ചി നാവികവിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തന്റെ ഓദ്യോഗിക വാഹനത്തില്‍ വെണ്ടുരുത്തി പാലത്തിലെത്തും.പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തില്‍ അധികം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിക്കെത്തുന്നവരുടെ കൈയില്‍ മൊബൈല്‍ ഫോണുകള്‍ മാത്രമേ അനുവദിക്കൂ.

വൈകീട്ട് ഏഴിന് താജ് മലബാര്‍ ഹോട്ടലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ എട്ട് സഭാമേലദ്ധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോ. കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂര്‍, വൈറ്റില വഴി പോകേണ്ടതാണ്. തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

എറണാകുളത്ത് നിന്നും പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കുണ്ടന്നൂര്‍, അരൂര്‍ വഴി പോകേണ്ടതാണ്. പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്.

Read more

മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബിറ്റിഎച്ചില്‍ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സര്‍വ്വീസ് ബസുകള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍, അരൂര്‍ വഴി പോകേണ്ടതാണ്. ചൊവ്വ രാവിലെ എട്ട് മുതല്‍ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ തേവര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്. പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്.