കർഷകർക്കുള്ള കൊലക്കയറാണ് മോദി സർക്കാരിന്റെ കാർഷിക ബില്ല്: രമേശ് ചെന്നിത്തല

കരാര്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ ബില്ല് കേരളത്തിന് വന്‍ദോഷകരമായിരിക്കും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകർക്കുള്ള കൊലക്കയറാണ് മോദി സർക്കാരിന്റെ കാർഷിക ബില്ല്. ഈ ബില്ല് പാസാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. തന്റെ സുഹൃത്തുക്കളായ കോര്‍പ്പറേറ്റ് ഭീമന്‍മാരെ സഹായിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ നേരിടും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയില്‍ പാസാക്കിയ കാർഷിക ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളെ അവഗണിച്ച് അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കുക പോലും ചെയ്യാതെ അവതരിപ്പിക്കുന്ന ബില്ല് കോര്‍പറേറ്റുകള്‍ക്ക് വന്‍ തോതില്‍ ഭൂമി ലഭിക്കുന്നതിനും പാവപെട്ട കര്‍ഷകരെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതികസഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും. ഭൂമാഫിയയ്ക്കും വന്‍ ഭക്ഷ്യസംസ്കരണ വ്യവസായികള്‍ക്കും മാത്രമാണ് ഈ ബില്ലുകൊണ്ട് നേട്ടങ്ങളുണ്ടാവുക.

കരാര്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന ബില്ല് കേരളത്തിന് വന്‍ദോഷകരമായിരിക്കും. ജനിതകമാറ്റം വരുത്തിയ വിളകള്‍ കേരളത്തില്‍ കൃഷിചെയ്യാന്‍ പാടില്ലെന്നിരിക്കെ കരാര്‍ കൃഷി വരുന്നതോടെ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യാന്‍ കരാര്‍ എടുത്ത കമ്പനിക്ക് കഴിയും. വിളകളുടെ വില തീരുമാനിക്കുന്നതും അതിലൂടെ ലാഭം കൊയ്യുന്നതും കോര്‍പറേറ്റുകളായിരിക്കും. കര്‍ഷകരുടെ ആത്മഹത്യ നിരക്ക് കൂടുന്ന ഭാരതത്തില്‍ ഈ നീക്കം അവരെ വഴിയാധാരമാക്കുകയേ ചെയ്യുകയുള്ളൂ.

ഈ ബില്ല് പാസാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. തന്റെ സുഹൃത്തുക്കളായ കോര്‍പ്പറേറ്റ് ഭീമന്‍മാരെ സഹായിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ നേരിടും.

https://www.facebook.com/rameshchennithala/posts/3515419291849885