കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് എം. എം മണി

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് മന്ത്രി എം.എം മണി. മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി എന്നും മന്ത്രി പറഞ്ഞു.

രാജ്കുമാര്‍ നടത്തിയ തട്ടിപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കണം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിക്കുകയാണ്. പൊലീസിന്റെ വീഴ്ച സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നും അദ്ദേഹം കൊട്ടാരക്കരയില്‍ പറഞ്ഞു.

അതേസമയം, പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ഉയരുന്നത്.
പൊലീസുകാര്‍ക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്‍കാത്തതിനാലാണ് രാജ് കുമാറിനെ മര്‍ദ്ദിച്ചതെന്ന് നെടുങ്കണ്ടം സ്വദേശി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് രാജ്കുമാറിന്റെ അമ്മയും പറഞ്ഞു.

രാജ്കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പ്രതിയെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത് എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്.