'തളിപ്പറമ്പിൽ നേതൃത്വത്തിന് എതിരെ സമാന്തര കമ്മിറ്റി'; സംഭവത്തെ കുറിച്ച് അറിയില്ലെന്ന് എം.കെ മുനീർ

തളിപ്പറമ്പ് മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി പിളര്‍ന്ന് സമാന്തര കമ്മിറ്റി നിലവില്‍ വന്നതിനെ കുറിച്ച് അറിയില്ലെന്ന്  മുസ്ലിം ലീഗ് എംഎൽഎ, എംകെ മുനീർ. എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്നാണ് എംകെ മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് കണ്ണൂരിൽ തന്നെ തീർക്കുമെന്നും ഹരിതയുമായി ബന്ധപ്പെട്ട് ആർക്കും ആശങ്ക ആവശ്യമില്ലെന്നും മുനീർ പറഞ്ഞു.

അതേസമയം കെ മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പി എ സിദ്ദീഖ് പ്രസിഡന്റുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ നേതൃത്വം നേരത്തെ രൂപീകരിച്ച മുന്‍സിപ്പല്‍ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ കമ്മിറ്റി ഉണ്ടാക്കിയത്. ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്‍ എന്നിവര്‍ വര്‍ഷങ്ങളായി ലീഗിനെ തകര്‍ക്കുകയാണെന്നും അവരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നതെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു.

ലീഗ് വിട്ട് മറ്റു പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ലീഗിനെ ശുദ്ധീകരിക്കാനാണ് നീക്കമെന്നും പുതിയ കമ്മിറ്റി അറിയിക്കുന്നുണ്ടെങ്കിലും തളിപ്പറമ്പ് നഗരസഭ ഭരണത്തില്‍ ഉള്‍പ്പെടെ പിളര്‍പ്പ് പ്രതിസന്ധി തീര്‍ക്കും. മുന്‍സിപ്പല്‍ കമ്മിറ്റി പരിധിയിലെ ശാഖകളില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്നാണ് പുതിയ കമ്മിറ്റിയുടെ അവകാശവാദം.