തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്നു കാണാതായ വിദ്യാര്‍ഥിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍നിന്നു കാണാതായ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സി.ഇ.ടിയിലെ ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഉള്ളൂര്‍ നീരാഴി ലെയ്നില്‍ സരസ്സ് വീട്ടില്‍ താമസിക്കുന്ന നെയ്യാറ്റിന്‍കര “വിശാഖ”ത്തില്‍ രതീഷ് കുമാറി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയശേഷം കാണാതായ രതീഷിനെ രണ്ടാം ദിവസമാണ് കാമ്പസിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

രതീഷിനെ കാണാനില്ലെന്നുകാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മ മരിച്ച രതീഷ്‌കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ 9 മണിയോടെ ഗിരിജയ്‌ക്കൊപ്പം രതീഷ് കോളേജിലെത്തിയിരുന്നു.

പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍നിന്നു പോയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രതീഷിനെ കൂട്ടിക്കൊണ്ടുപോകാന്‍ ഗിരിജ എത്തിയപ്പോഴാണ് ഇയാളെ കാണാതായെന്നറിഞ്ഞത്. വിദ്യാര്‍ഥികള്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോളേജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി. ഗിരിജയുടെ പരാതിയെത്തുടര്‍ന്ന് ശ്രീകാര്യം എസ്.ഐ. സജുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വെള്ളിയാഴ്ച കോളേജില്‍ പരിശോധന നടത്തിയിരുന്നു. രതീഷിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കോളേജിന്റെ പ്രധാന കെട്ടിടത്തില്‍ കണ്ടെത്തിയെങ്കിലും മറ്റു വിവരമൊന്നും കിട്ടിയിരുന്നില്ല.

മാസങ്ങള്‍ക്കു മുന്‍പ് നെയ്യാറ്റിന്‍കരയില്‍ രതീഷ് താമസിച്ചിരുന്ന വീടിനു മുന്നിലെ കടയില്‍ കഞ്ചാവുവില്പന നടക്കുകയും എക്‌സൈസ് കട പരിശോധിച്ച് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. രതീഷാണ് എക്‌സൈസിനു വിവരം നല്‍കിയതെന്നാരോപിച്ച് കഞ്ചാവുവില്പനയ്ക്കു നേതൃത്വം നല്‍കുന്ന ചിലര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു. പിന്നീട് രതീഷിന്റെ വീടിനു മുന്നില്‍ കിടന്ന കാര്‍ അജ്ഞാതര്‍ കത്തിക്കുകയും ചെയ്തിരുന്നു.

സി.ഇ.ടിയില്‍നിന്നു മാസങ്ങള്‍ക്കു മുന്‍പ് ഒരു വിദ്യാര്‍ഥിയെ കാണാതാവുകയും കാര്യവട്ടം കോളേജ് കാമ്പസിനു സമീപത്ത് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.