ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ചത് ഒട്ടും ശരിയായില്ല; സലീംകുമാര്‍ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു; രോഷത്തോടെ മന്ത്രി ശിവന്‍കുട്ടി

ദേവസ്വംമന്ത്രി കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ച നടന്‍ സലീം കുമാറിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. മാറ്റങ്ങള്‍ വേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും സലീം കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് വി ശിവന്‍കുട്ടി രംഗത്തെത്തിയത്.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമര്‍ശിച്ച ചലച്ചിത്ര താരം ശ്രീ.സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല. സലീംകുമാറിനെ പോലുള്ള ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീംകുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലീംകുമാര്‍ ഈ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.