മന്ത്രി ഏകപക്ഷീയം; കൈയാങ്കളി, ഐ.എന്‍.എല്ലിനെ മുന്നണിക്ക് പുറത്തെത്തിക്കുമോ?

ഏറെ നാളുകളായി ഐഎന്‍എല്ലില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണ്. സെക്രട്ടറിയേറ്റ് യോഗവും പ്രവര്‍ത്തക സമിതി യോഗവും ചേരണമെന്ന ആവശ്യം സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് അനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റ് യോഗം ചേരാന്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ തയ്യാറായിരുന്നില്ല, പിന്നീട് സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രസിഡന്റ് അബ്ദുള്‍ വഹാബ് ദേശീയ നേതൃത്വത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കൊച്ചിയില്‍ സെക്രട്ടറിയേറ്റ് യോഗവും, ഉച്ചയ്ക്ക് പ്രവര്‍ത്തക സമിതി യോഗവും ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

ഐഎന്‍എല്ലിന് ലഭിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ വാക്കുകള്‍ മാത്രമാണ് മുഖവിലക്കെടുക്കന്നതെന്നാണ് പ്രസിഡന്റ് അനുകൂലികളുടെ വാദം. മാത്രമല്ല മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും, പി എസ് സി അംഗത്തിന്റെ കോഴ വിവാദത്തിലും പാര്‍ട്ടിക്കകത്ത് അതൃപ്തിയുണ്ട്. ലീഗുമായുള്ള മന്ത്രിയുടെ അടുപ്പം തന്നെയാണ് മറ്റൊരു വിഷയം. ഇത് മുന്നണിക്കകത്തും ചര്‍ച്ച നടന്നിരുന്നു. മന്ത്രിയുടെ നടപടിയില്‍ പാര്‍ട്ടിക്കും, എല്‍ഡിഎഫിനും അതൃപ്തിയുണ്ട്.

നേരത്തെ മുസ്ലീം ലീഗുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തിയിരുന്നു. ഇതോടെ മന്ത്രിയെ നിരീക്ഷിക്കാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ മൂന്നു സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ കൂടി സിപിഐഎം തീരുമാനമെടുത്തിരുന്നു. മുന്നണിക്കകത്ത് ഇത് വലിയ വിമര്‍ശനമായിരുന്നു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മന്ത്രിയും പാര്‍ട്ടിയും രണ്ടഭിപ്രായങ്ങളാണ് സ്വീകരിച്ചത്. ഇത് എല്‍ഡിഎഫില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഐഎന്‍എല്ലിന്റെ നേതാക്കള്‍ തമ്മില്‍ പരസ്യമായി കയ്യാങ്കളിയിലെത്തിയത്. കൂടുതല്‍ സങ്കീര്‍ണമായാല്‍ ഐഎന്‍എല്‍ മുന്നണിക്ക് പുറത്തുപോകേണ്ടിവരുമെന്നാണ് അനുമാനം.

നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ച ഒരു വിഭാഗം പാര്‍ട്ടിവിടാന്‍ തീരുമാനമെടുത്തെങ്കിലും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കപ്പെട്ടത്. എന്നാല്‍ അതേസമയം പാര്‍ട്ടിക്കകത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള അസ്വാരസ്യം എങ്ങനെയാകും പരിഹരിക്കപ്പെടുക എന്നതാണ് നിലവിലെ ഏറ്റവും വലിയ പ്രശ്‌നം.