സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്ന് മന്ത്രി എം. എം മണി

ശബരിമല റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം.എം മണി. യുവതീപ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നതും സ്വാഗതം ചെയ്യുന്നെന്നും വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇരട്ടത്താപ്പാണെന്നും അവര്‍ വെറുതെ ബഡായി പറയുകയാണെന്നും മന്ത്രി എം.എം മണി കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും വിധി സ്റ്റേ ചെയ്യാത്തത് സര്‍ക്കാരിന് തലവേദനയാവും. സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെന്ന് വ്യക്തമായതോടെ 36 സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കി.

ശബരിമലയില്‍ പോകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് 2018-ല്‍ ശബരിമല യുവതീപ്രവേശന വിധി വന്നതിനു ശേഷം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.