'വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണം, അംഗീകരിക്കാനാവില്ല'; കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ സ്കൂളിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ലെന്ന് മന്ത്രി പറഞ്ഞു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ എടുത്തുപറയണമെന്നും മന്ത്രി പറഞ്ഞു.

ലൈനിന് താഴെ ഷെഡ് നിർമിച്ചതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. വൈദ്യുതി ലൈനും സൈക്കിൾ ഷെഡ്ഡും തമ്മിൽ സുരക്ഷിതമായ അകലം ഇല്ലെന്ന് വ്യക്തമാണ്. സ്കൂളിന് നോട്ടീസ് നൽകി പ്രശ്നം പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടി എടുത്തില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേരോ, അവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന ശുപാർശയോ റിപ്പോർട്ടിൽ ഇല്ല.

കെഎസ്ഇബി ചെയർമാനോട് പേര് വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നടപടി ഉറപ്പാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് കെഎസ്ഇബി ചെയർമാന് മന്ത്രി നിർദ്ദേശം നൽകി. വീഴ്ച റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read more