മന്ത്രി എ. കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടെടുത്ത് സിപിഎം

പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ. കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണം മുന്നോട്ടുപോകട്ടെ എന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

പരാതിക്കാരിയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.

അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്ന് സൂചന. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണിലൂടെയും വിഷയത്തിൽ മുഖ്യമന്ത്രിയോടു ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു.

രാജിവയ്ക്കേണ്ട സാഹചര്യമില്ല. തനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ശശീന്ദ്രൻ പ്രതികരിച്ചു.

ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് അറിയിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വന്നതെന്നും മുഖ്യമന്ത്രി വിളിപ്പിച്ചതല്ലെന്നും താൻ അങ്ങോട്ടു പോയി കണ്ടതാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്.

പീഡനക്കേസില്‍ ഇടപെട്ടുവെന്ന ആരോപണം മാത്രമല്ല ചര്‍ച്ച ചെയ്തതെന്നും വനം വകുപ്പ് സംബന്ധിച്ച ചില കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.