എം.ജി സര്‍വകലാശാല കൈക്കൂലി കേസ്; എം.ബി.എ വിഭാഗത്തില്‍ വീഴ്ച, രണ്ട് മാര്‍ക്ക് ലിസ്റ്റ് കൂടി തിരുത്തി

എം.ജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ സിജെ അറസ്റ്റിലായ സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സി കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തല്‍. സി.ജെ എല്‍സി വേറെ രണ്ട് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ കൂടി തിരുത്തല്‍ വരുത്തിയതായി സിന്‍ഡിക്കറ്റ് ഉപസമിതിയാണ് കണ്ടെത്തിയത്. വിഷയത്തില്‍ എംബിഎ വിഭാഗത്തിനു വീഴ്ചയുണ്ടായതായി ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എംബിഎ സെക്ഷന്‍ ഓഫീസര്‍ക്ക് ജാഗ്രത കുറവുണ്ടായി എന്നും ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനും വേണ്ടി ഒന്നരലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. എല്‍സി മാത്രമാണ് കൈക്കൂലി വാങ്ങിയത് എന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍.

എല്‍സിയുടെ യൂസര്‍ നെയിമില്‍ നിന്നാണ് മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തിയിട്ടുള്ളത്. സോഫ്റ്റ് വെയറിലേക്ക മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്ന സമയത്താണ് ഈ തിരുത്തലുകള്‍ സംഭവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമന്നും ഉപസമിതി ശിപാര്‍ശ ചെയ്തു.

Read more

സര്‍വകലാശാലയുടെ വിവിധ മൂല്യനിര്‍ണയ ക്യാമ്പിന്റെ ചുമതല സെക്ഷന്‍ ഓഫിസര്‍ക്കാണ്. എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സെക്ഷന്‍ ഓഫിസര്‍ എംബിഎ വിഭാഗത്തില്‍ എത്തിയിരുന്നത്. ഈ ശ്രദ്ധക്കുറവാണ് ക്രമക്കേടുകള്‍ക്ക് കാരണം. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ മൂല്യനിര്‍ണയ രീതികളില്‍ മാറ്റം വരുത്തണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.