എം.ജി സര്‍വകലാശാല കൈക്കൂലി കേസ്: പ്രതി എല്‍സി റിമാന്‍ഡില്‍, വിഷയം സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും

സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം.ജി യൂണിവേഴ്സിറ്റി ജീവനക്കാരി സി.ജെ എല്‍സിയെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എം.ബി.എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ എല്‍സി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. വിഷയം നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും. പ്രത്യേക സമിതിയെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്താനാണ് സര്‍വകലാശാല ആലോചിക്കുന്നത്. വിജിലന്‍സും അന്വേഷണം നടത്താന്‍ തീരുമാനിച്ചട്ടുണ്ട്.

ഇന്നലെയാണ് സര്‍വകലാശാല ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് ആണ് എല്‍സി. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എം.ബി.എ വിദ്യാര്‍ഥിയില്‍ നിന്ന് ഒന്നര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15,000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച് കൈമാറവെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരീക്ഷയില്‍ തോറ്റുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എല്‍സി വിദ്യാര്‍ഥിനിയില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പറഞ്ഞു.

Read more

കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇത്തരത്തില്‍ ഇവര്‍ പണം വാങ്ങിയട്ടുണ്ടോ എന്നത് പരിശോധിക്കും. മറ്റ് ജീവനക്കാര്‍ ആരെങ്കിലും സമാനമായ രീതിയില്‍ പണം കൈപ്പറ്റിയട്ടുണ്ടോ എന്നതും അന്വേഷിക്കും. അതേസമയം, സംഭവത്തിന് പിന്നാലെ സര്‍വകലാശാല ജീവനക്കാരിയെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.