മീഡിയവണിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം; മറുപടി നൽകാൻ സുപ്രീംകോടതിയോട് കൂടുതൽ സമയം തേടി കേന്ദ്രം

മീഡിയവണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. വിശദമായ മറുപടി സമര്‍പ്പിക്കുന്നതിനായി നാല് ആഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിക്ക് കത്തയച്ചു.

കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ അമരീഷ് കുമാറാണ് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് സമര്‍പ്പിച്ചത്. കേസില്‍ നാളെ അന്തിമ വാദം കേള്‍ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 30 വരെയായിരുന്നു നേരത്തെ കോടതി അനുവദിച്ചിരുന്ന സമയം.

ചാനലിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറാമോ എന്ന കാര്യവും വ്യക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.

മീഡിയ വണ്‍ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പമാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നത്.