ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും സേഫ്; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ പ്രതി മേയറുടെ സഹോദരന്‍, കുറ്റപത്രം സമര്‍പ്പിച്ചു

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ കെഎം അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മേയറുടെ സഹോദരന്‍ കെഎം അരവിന്ദ് മാത്രമാണ് പ്രതി. 2024 ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.

തിരുവനന്തപുരം പ്ലാമൂട് വച്ച് മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. മേയര്‍ക്കൊപ്പം ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും വാഹനത്തിലുണ്ടായിരുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ നേമം സ്വദേശി യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Read more

മേയറെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം, ആര്യ രാജേന്ദ്രന്‍ യദുവിനെതിരെ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.