എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം; പ്രശ്‌ന പരിഹാരത്തിന് വത്തിക്കാന്‍ പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ വത്തിക്കാന്‍ പ്രതിനിധി സിറില്‍ വാസില്‍ ഇന്ന് കൊച്ചിയിലെത്തും. അതിരൂപതയിലെ വൈദികരും സഭാ നേതൃത്വവുമായുള്ള തര്‍ക്ക പരിഹാരത്തിനായി മാര്‍പ്പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് ആണ് സിറില്‍ വാസില്‍. ആര്‍ച്ച് ബിഷപ്പ് ഒരാഴ്ച കൊച്ചിയില്‍ തങ്ങി സഭയിലെ തര്‍ക്ക പരിഹാരങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തും.

രാവിലെ 8ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന വത്തിക്കാന്‍ പ്രതിനിധി തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തേക്ക് എത്തും. ഏകീകൃത കുര്‍ബാന നടത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാര്‍ സിറില്‍ വാസില്‍ വീണ്ടുമെത്തുന്നത്. സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ നേരത്തെ ആര്‍ച്ച് ബിഷപ്പ് എത്തിയപ്പോള്‍ ഒരു വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപത തര്‍ക്കം പരിഹരിച്ച് ഡിസംബര്‍ 25ന് മുന്‍പ് ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മാര്‍പാപ്പ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ആര്‍ച്ച് ബിഷപ്പ് മാര്‍പാപ്പയെ നേരില്‍ കണ്ട് സംസാരിച്ചുവെന്നാണ് വിവരം. കൊച്ചിയിലെത്തിയ ശേഷം സിറില്‍ വാസില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തും.