മരടില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി ; ഫ്ളാറ്റുകൾ ആറ് മണിക്കൂര്‍ കൊണ്ട് തകര്‍ക്കും, പ്രദേശവാസികളെ ഒഴിപ്പിക്കും

താമസക്കാര്‍ ഒഴിഞ്ഞു പോയതോടെ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. 2020 ജനുവരി ഒന്‍പതിന് മുന്‍പായി മുഴുവന്‍ ഫ്ളാറ്റുകളും പൊളിച്ചു നീക്കുമെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. പൊളിച്ചു മാറ്റുന്നത് ബുദ്ധിമുട്ടായതിനാല്‍ നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാവും നാല് ഫ്ളാറ്റുകളും തകര്‍ക്കുക.

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതിന് രണ്ട് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റുകള്‍ പൊളിക്കുന്ന ആറ് മണിക്കൂര്‍ നേരം ചുറ്റുവട്ടത്തുള്ളവരെയെല്ലാം ഒഴിപ്പിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നത് സംബന്ധിച്ച വിശദമായ പദ്ധതിയും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കമ്പനികള്‍ ജില്ലാ ഭരണകൂടത്തിന് വൈകാതെ സമര്‍പ്പിക്കും ഇതിനു ശേഷം മാത്രമായിരിക്കും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പിടുക.

ഫ്ലാറ്റുകള്‍ പൊളിക്കുന്ന ജോലിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാവുമെന്ന് കളക്ടര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാലും നഷ്ടപരിഹാരം ഉറപ്പാക്കും. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഫ്ളാറ്റുകളുടെ ബേസ്മെന്‍റ് ഏരിയയില്‍ സ്ഫോടനം നടത്താന്‍ അനുവദിക്കില്ല. ഫ്ളാറ്റുകളില്‍ 140 താമസക്കാര്‍ക്ക് ഉടമസ്ഥാവകാശരേഖയില്ലെന്നും ഇവരുടെ നഷ്ടപരിഹാരം ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി തീരുമാനിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.