കേരളത്തിലെ യുവാക്കള്‍ നാടുവിടേണ്ട സാഹചര്യം; ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്

കേരളത്തില്‍ നിന്നും യുവാക്കള്‍ അവസരങ്ങള്‍ തേടി നാടുവിടുന്നതിനെ മുഖ്യമന്ത്രി വേദിയില്‍ ഇരുത്തി വിമര്‍ശിച്ച് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കേരളത്തില്‍ അവസരങ്ങള്‍ തേടി യുവാക്കള്‍ നാടുവിടേണ്ട അവസ്ഥയാണെന്ന് അദേഹം പറഞ്ഞു.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് പി.എം.ജി ലൂര്‍ദ് പള്ളിയില്‍ പൗരസമൂഹം നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ലെന്നു പലര്‍ക്കും തോന്നലുണ്ട്.

ഇവിടെനിന്നു രക്ഷപ്പെടാന്‍ എവിടെയെങ്കിലും പോകണമെന്ന തോന്നലുണ്ട്. ഇതു സഭയുടെ മാത്രം പ്രശ്നമല്ല, യുവജനങ്ങളുടെ പ്രശ്നമാണ്. ഇവിടെ ജീവിച്ചു വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട് എന്നു ബോധ്യപ്പെടുത്തണം. അതിനു സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു.

യുവാക്കള്‍ വിദേശത്തേക്കു പോകുന്നത് കേരളത്തിന്റെ പ്രശ്നമല്ല, കാലത്തിന്റെ മാറ്റമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പുതിയ കാലത്ത് കുഞ്ഞുങ്ങള്‍ വളരുന്നത് ലോകത്തെ മനസിലാക്കിയാണെന്നും ഇന്ന സ്ഥലത്ത് പോകണം, പഠിക്കണം എന്നു കുട്ടികള്‍ തന്നെ തീരുമാനിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.