വയനാട്ടിലെ സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകാന്‍ മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; തുഷാറിനും സുനീറിനും ഗണ്‍മാനെ അനുവദിച്ചു

വയനാട് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ തട്ടിക്കൊണ്ടു പോയി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ദേശീയപ്രാധാന്യവും മാവോയിസ്റ്റ് നീക്കത്തിനു പിന്നിലുണ്ടെന്ന് “മംഗളം” ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ഡലത്തില്‍ തുഷാറിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഉത്തരമേഖലാ എ.ഡി.ജി.പി: ഷേക്ക് ദര്‍വേഷ് സാഹിബ് തീരുമാനിക്കും.

വൈത്തിരി വെടിവെയ്പ്പിനു പകരം ചോദിക്കുമെന്നു മുന്നറിയിപ്പു നല്‍കിയ മാവോയിസ്റ്റുകള്‍, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുഷാറിന് ഗണ്‍മാനെ അനുവദിച്ചിട്ടുണ്ട്. വി.പി സുനീറിനും മാവോയിസ്റ്റ് ഭീഷണിയുണ്ട്. അദ്ദേഹത്തിനും ഗണ്‍മാനെ അനുവദിച്ചു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടും മണ്ഡലത്തില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതു പോലീസിനെ വലയ്ക്കുന്നു. അതിനു പുറമേയാണു തുഷാറിനു ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്ടില്‍ പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയുണ്ട്. പ്രചാരണത്തിനു രാഹുല്‍ ഗാന്ധി എത്തുന്ന ദിവസങ്ങളില്‍ എസ്.പി.ജിക്കു പുറമേ പോലീസും പഴുതടച്ച സുരക്ഷയൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കി.