മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കോടതി വിരട്ടി, കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാവും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന നിര്‍ദേശം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു .

സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെകെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ. കേസിൽ ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ നാമനിർദേശ പത്രിക പിൻവലിക്കാൻ തട്ടിക്കൊണ്ടുപോയെന്നതാണ് കേസ്. കെ സുന്ദരയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിപ്പിക്കുകയും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്.

സ്ഥാനാർഥിത്വം പിൻവലിച്ച സമയത്ത് ജില്ലയിലുണ്ടായിരുന്നില്ലെന്നും ആരോപണമുന്നയിച്ച സുന്ദരയെ അറിയില്ലെന്നുമാണ് ചോദ്യംചെയ്യലിൽ സുരേന്ദ്രൻ ആവർത്തിച്ച് പറഞ്ഞത്. സുന്ദര തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നത് സംബന്ധിച്ച രേഖകൾ തയാറാക്കിയ അതേ ഹോട്ടലിലായിരുന്നു സുരേന്ദ്രൻ താമസിച്ചിരുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ വിവി രമേശനാണ് സംഭവത്തിൽ ആദ്യം കോടതിയെ സമീപിച്ചിരുന്നത്.

തുടർന്ന് ബദിയടുക്ക പൊലീസ് ഏറ്റെടുത്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറി. ബിജെപി ജില്ലാ നേതാക്കളായ സുനിൽ ഷെട്ടി, ബാലകൃഷ്ണ നായിക്ക് തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു. ഇവർ സുന്ദരക്ക് പണം കൈമാറുകയും സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള രേഖകൾ തയാറാക്കാൻ സഹായിച്ചുവെന്നുമാണ് ആരോപണം.