എനിക്ക് കറുപ്പ് നിറമാണെന്ന് മണി പറഞ്ഞു, അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ; പരിഹസിച്ച് തിരുവഞ്ചൂര്‍

എം എം മണിയുടെ പരിഹാസത്തിന് മറുപടി നല്‍കി മുന്‍മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അടുത്തിടെ എനിക്ക് കറുപ്പ് നിറമാണെന്ന്് എംഎം മണി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഇത്തരം പാഴ്‌വാക്ക് പറയുന്നവരെ അവഗണിച്ച് വിട്ടേക്കണമെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. മന്ത്രി സജി ചെറിയാന് മന്ത്രിക്ക് വേണ്ടി പദ്ധതിയുടെ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ ഭൂപടത്തില്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സജി ചെറിയാന്റെ വീടിരിക്കുന്ന സ്ഥലത്താണ് മാറ്റം വരുത്തിയിരിക്കുന്നത്. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഭൂപടത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്റെ ഗുണം ആര്‍ക്ക് കിട്ടിയെന്നതില്‍ സജി ചെറിയാന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.