'എന്‍.സി.പിയിലേക്കില്ല', പവാറുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്ന് മാണി സി. കാപ്പന്‍

എന്‍.സി.പിയിലേക്ക് തിരികെ പോകുമെന്ന് വാര്‍ത്തകള്‍ നിഷേധിച്ച് മാണി സി കാപ്പന്‍ എം.എല്‍.എ. എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമാണ്. ഇനിയും കൂടിക്കാഴ്ച നടത്തും. യു.ഡി.എഫ് വിടില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.

യു.ഡി.എഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍.ഡി.എഫിലേക്ക് തിരികെ പോകില്ലെന്ന് അദ്ദഹം പറഞ്ഞു. യു.ഡി.എഫിനെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ട്. മുന്നണി വിടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കാപ്പന്‍ വ്യക്തമാക്കി.

പി.സി ചാക്കോയുടെ നേതൃത്വത്തില്‍ കാപ്പനെ തിരികെ എ.സി.പിയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തുന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍. എ.കെ.ശശീന്ദ്രന് പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം നേതൃത്വം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെയാണ് കാപ്പന്‍ എന്‍.സി.പി വിട്ടത്. നിയമസഭ തിരഞ്ഞടുപ്പില്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് കഴിഞ്ഞ തവണ ജയിച്ചത്.