മണപ്പുറം ഫിനാന്‍സ് ഉടമ വി പി നന്ദകുമാറിനെതിരെയുള്ള ഇ ഡി കേസ് ഹൈക്കോടതി റദ്ദാക്കി

മണപ്പുറം ഫിനാന്‍സ് എം ഡി വി പി നന്ദകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പൊലീസ് അന്വേഷണത്തിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ എടുത്ത ഇ ഡി കേസ് നിലനില്‍ക്കില്ലന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ വ്യക്തമാക്കി. ഇതോടെ വി പി നന്ദകുമാറിനെതിരെ ഇ ഡി എടുത്ത കേസ് റദ്ദാവുകയും ചെയ്തു.

ഷെഡ്യുളഡ് കുറ്റകൃത്യത്തിന്റെ പേരില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമ്പോഴാണ് ഇ ഡിക്ക് കേസെടുക്കാന്‍ കഴിയുകയുള്ളു. അതില്‍ പ്രതി നിരപരാധിയെന്ന് കണ്ടത്തുകയോ, എഫ് ഐ ആര്‍ റദ്ദാക്കുകയോ ചെയ്താല്‍ ഇ ഡി എടുത്ത കേസും റദ്ദാകുമെന്നും ഹൈക്കോടതി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് വലപ്പാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്കടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മണപ്പുറം ഫിന്‍ന്‍സ് ലിമിറ്റഡ് മാനേജ് ഡയറക്ടര്‍ വി പി നന്ദകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചനാകേസില്‍ വാദിയും പ്രതിയും ഒത്തുതീര്‍പ്പിലെത്തുകയും കേസ് ഹൈക്കോടതി റദ്ദാക്കുകയു ചെയ്തിരുന്നു. എന്നിട്ടും ഇ ഡിനടപടി തുടരുന്നതെനിതെരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എഫ് ഐ ആര്‍ റദ്ദാക്കിയാലും കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നില നില്‍ക്കുമെന്നും അത് കൊണ്ട് കേസ് തുടരാമെന്നുമാണ് ഇ ഡി കോടതിയില്‍ വാദിച്ചത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് തെളിഞ്ഞാല്‍ മാത്രമേ ഈ വാദം നിലനില്‍ക്കുകയുളളുവെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ചു കൊണ്ട് സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.