കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ പണിമുടക്ക്: കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു

തലസ്ഥാനത്ത് കെഎസ്ആര്‍ടിസി സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (64) ആണ് മരിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കിഴക്കേക്കോട്ടയില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ പിന്നീട് പോലീസ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രധാന റോഡുകളിലെല്ലാം കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും താമസമുണ്ടായി.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഏറെനേരമാണ് സുരേന്ദ്രന് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കേണ്ടി വന്നത്. ഇതിനിടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായിരുന്നു. രാവിലെ 11 മണിയോടെ ആരംഭിച്ച പണിമുടക്ക് വൈകീട്ട് മൂന്നര മണിയോടെയാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്തെ എം.ജി. റോഡില്‍ ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടാണ് ജീവനക്കാര്‍ പണിമുടക്കിയത്. കിഴക്കേക്കോട്ട മുതല്‍ സെക്രട്ടേറിയറ്റ് വരെ എം.ജി. റോഡില്‍ മാത്രം ഏകദേശം അഞ്ഞൂറിലേറെ ബസുകളാണ് നിര്‍ത്തിയിട്ടിരുന്നത്.