പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മമത പറഞ്ഞു. പെൺകുട്ടികളെ രാത്രി പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും പെൺകുട്ടികൾ സ്വയം സംരക്ഷിക്കണമെന്നുമാണ് മമത ഇന്നലെ പറഞ്ഞത്. അർദ്ധരാത്രി പെൺകുട്ടികൾ പുറത്തിറങ്ങുന്നത് എന്തിനാണെന്നും മമത ചോദിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ വിശദീകരണവുമായി എത്തിയത്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിന് സമീപം വെള്ളിയാഴ്‌ച രാത്രി എട്ടരയോടെ കൂട്ടബലാത്സംഗം നടക്കുന്നത്. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ വിദ്യാർഥിനി പുരുഷ സുഹൃത്തിനൊപ്പം പുറത്തുപോകാൻ ഇറങ്ങിയതായിരുന്നു. ഇതേസമയം കോളജിന്റെ ഗേറ്റിന് സമീപം അജ്‌ഞാതർ ഇരുവരെയും തടഞ്ഞുനിർത്തി. പിന്നാലെ യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേസമയം പെൺകുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്ത് ഓടിപ്പോയിരുന്നു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇതിന് പിന്നാലെ സംഭവത്തിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമതാ ബാനർജി. പെൺകുട്ടികളെ രാത്രി പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് മമത ബാനർജി പറഞ്ഞു. പെൺകുട്ടികൾ സ്വയം സംരക്ഷിക്കണമെന്നും മമത പറഞ്ഞു. അതേസമയം സംഭവങ്ങളിൽ തൻ്റെ സർക്കാരിൻ്റെ പേര് വലിച്ചിഴക്കുന്നത് അന്യായമാണെന്നും മമത ബാനർജി ആരോപിച്ചു. പുലർച്ചെ 12.30ന് വിദ്യാർഥിനി എങ്ങനെ പുറത്തുവന്നുവെന്ന് മമത ചോദിച്ചു.
സ്വകാര്യ മെഡിക്കൽ കോളേജുകളും പെൺകുട്ടികളെ ശ്രദ്ധിക്കണം. പെൺകുട്ടികൾ രാത്രി സമയങ്ങളിൽ പുറത്തിറങ്ങുന്നത് അനുവദിക്കാൻ പാടില്ല. അവനവൻ്റെ സുരക്ഷ സ്വന്തമായി ഉറപ്പു വരുത്തണം. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം പഠിക്കുന്ന മെഡിക്കൽ കോളജിനാണ്. എന്നാൽ അതിൽ തൻ്റെ സർക്കാരിൻ്റെ പേര് വലിച്ചിഴക്കുന്നത് അന്യായമാണെന്നും മമത ആരോപിച്ചു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മമത കൂട്ടിച്ചേർത്തു. എന്തിനാണ് തന്റെ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തെന്ന് ചോദിച്ച മമത ഒരു മാസം മുമ്പ് ഒഡിഷയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ അവിടുത്തെ സർക്കാർ എന്ത് നടപടി എടുത്തുവെന്നും ചോദിച്ചു.







