മഹാമാരിയ്ക്കു പോലും തോൽപ്പിക്കാനാവാത്ത സഹജീവി സ്നേഹം; കണ്ടെയ്ന്‍മെന്റ് സോണായ കരിപ്പൂരില്‍ കണ്ടത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

പെരുമഴയ്ക്കും കോവിഡെന്ന മഹാമാരിയ്ക്കും തോൽപ്പിക്കാനാവാത്ത സഹജീവി സ്നേഹമാണ് കൊണ്ടോട്ടിക്കാർ ഇന്നലെ കാണിച്ചു തന്നത്. വിമാനം തകർന്ന് വീണെന്ന് അറിഞ്ഞതും മറ്റൊന്നും നോക്കാതെയുള്ള രക്ഷാപ്രവർത്തനമാണ് നാട്ടുകാർ നടത്തിയത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനമായതിനാൽ പലർക്കും കോവിഡ് ഉണ്ടായിരുന്നിരിക്കാം. പക്ഷേ രോഗം പടരുമെന്ന ഭീതിയൊന്നും ആ നിമിഷം അലട്ടതെ വിവരം അറിഞ്ഞ് വാഹനവുമായി എത്തിയവർ ആരെയും കാക്കാതെ ഓരോരുത്തരെയും ആശുപത്രികളിൽ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഇന്നലെ രാത്രി കരിപ്പൂരിൽ നടന്നത്.

കണ്ടെയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാൽ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി. രാത്രിയും മഴയും ഒന്നും വകവെയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഈ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും.

ആ അനുഭവം നാട്ടുകാരിലൊരാൾ..പങ്ക് വെയ്ക്കുന്നു..

“ഞങ്ങൾ ഈ പരിസരത്ത് ഉള്ളവരാണ്. വിമാനം കുറെയധികം നേരം ഇറങ്ങാൻ കഴിയാതെ പറക്കുന്നത് കണ്ടിരുന്നു. നല്ല മഴ ഉണ്ടായിരുന്നു. പിന്നെ വലിയൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പോൾ കണ്ടത് ജീവിതത്തിൽ മറക്കാനാത്ത രംഗമാണ്. ഒരു വിമാനം ചിന്നി ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞങ്ങൾക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല. 37 പേരെയാണ് ഈ കൈ കൊണ്ട് രക്ഷപ്പെടുത്തിയത്”– രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ പറയുന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകള്‍, നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ പോകേണ്ടവര്‍, പലർക്കും രോഗബാധ ഉണ്ടായിരു ന്നിരിക്കണം, പക്ഷേ അതൊന്നും നാട്ടുകാര്‍ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ തന്നെ നിന്നു. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.

മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നിരുന്നു. കനത്ത മഴ മൂലം രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരതരമാണ്.