മധുവിന്റെ കൊലപാതകം; വിചാരണ നേരത്തെയാക്കി കോടതി

അട്ടപ്പാടി മധുക്കേസില്‍ വിചാരണ നടപടികള്‍ നേരത്തെയാക്കാന്‍ തീരുമാനിച്ചു. കേസ് ഈ മാസം 18ന് പരിഗണിക്കും. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.

മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് കേസ് പരിഗണിക്കുക. മാര്‍ച്ച് 26ന് കേസ് പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം ഇന്ന് കേസിലെ പ്രതികള്‍ക്ക് ഇന്ന് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.