ഇസ്രയേല്‍ ഭീകരവാദ രാഷ്ട്രം; അമേരിക്കന്‍ പിന്തുണയില്‍ തെമ്മാടിത്തരം കാണിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ നല്‍കിയത് ശരിയല്ലെന്ന് എംഎ ബേബി

അമേരിക്കന്‍ പിന്തുണയില്‍ എന്തു തെമ്മാടിത്തരവും കാണിക്കാമെന്ന് കരുതുന്ന ഭീകരവാദ രാഷ്ട്രമാണ് ഇസ്രയേലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഇത്തരം പ്രവൃത്തി ചെയ്യുന്ന ഇസ്രയേലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ നല്‍കിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ രൂപീകരിച്ചത്. രൂപീകരണ സമയത്ത് 45 ശതമാനം പലസ്തീനും 55 ശതമാനം ഇസ്രയേലിനുമായിരുന്നു നീക്കിവച്ചത്. ജറുസലേം സ്വന്തമായി നില്‍ക്കണമെന്നും സ്വതന്ത്ര പലസ്തീന്‍ രാജ്യമാകണമെന്നുമായിരുന്നു കരാറില്‍. പലസ്തീന് നീക്കിവച്ച പ്രദേശങ്ങള്‍ പോലും പിന്നീട് ഇസ്രയേല്‍ കൈയേറി. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര പരമാധികാര രാജ്യമായി പലസ്തീനെ മാറ്റുകയാണ് അനിവാര്യം. അഭയാര്‍ഥികള്‍ക്ക് തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങണം. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെമാത്രം അപലപിക്കുന്നവര്‍ ബെയ്റൂട്ടിലെ രണ്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ 3500 പേരെ കൂട്ടക്കുരുതി നടത്തിയത് മറക്കരുതെന്നും എം എ ബേബി പറഞ്ഞു.