പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധം; സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമമെന്ന് ആരോപിച്ച് എംവി ഗോവിന്ദൻ

പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണെന്നും ഭരണ സംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അക്രമവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാല്‍, കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തല്ലുമെന്നാണ് പ്രതിപക്ഷം പറയുന്നത്. തല്ലിയാൽ സഹിക്കേണ്ടി വരും. അടിയും തടയുമാണ് ഇപ്പോൾ നടക്കുന്നത്. എവിടെ വരെയാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറയണമെന്നും ഗോവിന്ദൻ വിമര്‍ശിച്ചു.

വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം മറച്ച് വെക്കാനാണ് യൂത്ത് കോൺഗ്രസ് അക്രമം അഴിച്ച് വിടുന്നതെന്നും എം വി ഗോവിന്ദൻ പറ‍ഞ്ഞു. ഗവർണർക്കെതിരെയും സിപിഎം സംസ്താന സെക്രട്ടറി പ്രതികരിച്ചു.ഗവർണർ പരിധികളല്ലാം ലംഘിക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ.

അതേ സമയം തൃശൂർ പൂരം മങ്ങലേൽക്കാതെ നടത്തണമെന്നും ദേവസ്വം മന്ത്രിയടക്കം വിഷയത്തിൽ ഇടപെടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദേവസ്വങ്ങളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.