എം.ശിവശങ്കറെ കൊച്ചിയിൽ ഇ.ഡി ഓഫീസിൽ എത്തിച്ചു; കസ്റ്റംസ് ഉദ്യോ​ഗസ്ഥരും സ്ഥലത്ത് എത്തി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്‌മെന്റ് കസ്റ്റഡിയിലെടുത്തിനു പിന്നാലെ അദ്ദേഹത്തെ കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസിലെത്തിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സമെന്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഒരുക്കിയ കർശന സുരക്ഷയ്ക്ക് ഇടയിലാണ് ശിവശങ്കറുമായി ഇഡി സംഘം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്.

തിരുവനന്തപുരത്തെ ആയുര്‍വേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശിവശങ്കറിനെ അവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലേക്ക് വരുന്ന വഴി ചേര്‍ത്തലയില്‍ നിന്ന് വണ്ടിമാറ്റിയാണ് ശിവശങ്കറിനെ കൊണ്ടുവന്നത്. ചേര്‍ത്തലയിലെ ഒരു ഹോട്ടലില്‍ വിശ്രമിച്ചതിനു ശേഷമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ  ചേർത്തലയിൽ നിന്ന് സ്വര്‍ണക്കടത്ത് അന്വേഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോ​ഗസ്ഥരും ശിവശങ്കറുമായി വരുന്ന ഇ.ഡി ഉദ്യോഗസ്ഥരോടൊപ്പം ചേ‍ർന്നു. കസ്റ്റഡിയിലെടുത്ത എം.ശിവശങ്കറിൻ്റെ അറസ്റ്റ് ഇന്ന് തന്നെ എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തും എന്നാണ് സൂചന.

അതേസമയം ഇ.ഡി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പൊലീസ് വെച്ച ബാരിക്കേഡുകള്‍ ഭേദിച്ചാണ് ഇഡി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ചിത്രം കടപ്പാട്: മാതൃഭൂമി