അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വേർപാട് വിപ്ലവ പ്രസ്ഥാനത്തിന് വലിയൊരു അകൽച്ച ഉണ്ടാക്കുമെന്ന് ഇപി ജയരാജൻ. തിരുവനന്തപുരത്ത് ദർബാർ ഹാളിൽ പൊതുദർശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇപി ജയരാജൻ.
വിപ്ലവ പ്രസ്ഥാനത്തിനുണ്ടായ നഷ്ടാമാണ് താൻ ആലോചിക്കുന്നതെന്ന് പറഞ്ഞ ഇപി ജയരാജൻ സമരം കത്തി ജ്വലിച്ച് നിന്ന് ഈ പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച ഒരു നേതാവിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കുമെന്നും പറഞ്ഞു. അതാണ് ഇപ്പോൾ തോന്നിക്കൊണ്ടിരിക്കുന്നതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. 1970 മുതൽ മാടായി മണ്ഡലം തിരഞ്ഞെടുപ്പിന്റെ കാലം മുതൽ വിഎസുമായി അടുത്തുപ്രവർത്തിക്കുന്നയാളായിരുന്നു താനെന്ന് ഇപി ജയരാജൻ പറഞ്ഞു.
അതേസമയം വി എസ് അച്യുതാനന്ദന്റെ പൊതുദർശനം ദർബാർ ഹാളിൽ തുടരുകയാണ്. ആയിരക്കണക്കിന് ആളുകളാണ് വിപ്ലവനായകനെ ഒരുനോക്ക് കാണാനായി ദർബാർ ഹാളിൽ ഇരച്ചെത്തുന്നത്. വി എസിന്റെ പൊതുദർശനം ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുമ്പോൾ വൻജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു.