"വ്യാജ ആരോപണങ്ങളിലൂടെ ജഡ്ജിമാരുടെ രോമം പോലും കൊഴിയില്ല"; രൂക്ഷവിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ്

വ്യാജ ആരോപണങ്ങളിലൂടെ ജഡ്ജിമാരുടെ രോമം പോലും കൊഴിയില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്.ജഡ്ജിമാർക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തവർക്ക് നിരാശയുണ്ടാകുമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാൻ കഴിയൂ. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവും ആദരവില്ലായ്മയുമാണ് ഇത് കാണിക്കുന്നത്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം മാധ്യമങ്ങളിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.ഇത് അവരുടെ നിരാശയില്‍ നിന്നാണ്. ഇവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തി അപലപനീയമാണ്. “ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണമെന്നും സുധാകരൻ പറഞ്ഞു.