മദ്യവിൽപ്പന ഓൺലൈനാകുന്നു;തിരുവനന്തപുരത്തും കോഴിക്കോടും പരീക്ഷണ വിൽപ്പന

കേരളത്തിലെ മദ്യവിൽപ്പന ഓൺലൈനാകുന്നു. ബെവ്‌കോയുടെ തിരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യം ഓ​ഗസ്റ്റ് 17ന് ആരംഭിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ കോർപ്പറേഷന്റെ തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ് എന്നീ ചില്ലറ വിൽപനശാലകളിലാണ് വിൽപ്പന ആരംഭിക്കുന്നത്.

ഉപഭോക്താക്കൾക്ക് https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം. ബെവ്‌കോ ചില്ലറ വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനാണ് ഈ നടപടിയെന്ന് ബെവ്കോ വിശദീകരിക്കുന്നു.

സംസ്ഥാനത്ത് മദ്യവില്‍പനശാലകളിലെ തിരക്കും കൊവിഡ് വ്യാപന സാഹചര്യവും കണക്കിലെടുത്ത് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനയിച്ചതിന് പിന്നാലെയാണ് ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കുന്നത്.

അതേസമയം ഓണം പ്രമാണിച്ച് തിരക്കൊഴിവാക്കാന്‍ വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ അധികസമയം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഏഴുമണി വരെയായിരുന്നു പ്രവര്‍ത്തന സമയം.