നിയമസഭാ കൈയാങ്കളിക്കേസ്: കുറ്റം നിഷേധിച്ച് പ്രതികള്‍

നിയമസഭാ കൈയാങ്കളിക്കേസ് കോടതി പരിഗണിക്കുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഒഴികെ കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും കോടതിയില്‍ ഹാജരായി. കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തിയതി അന്ന് തീരുമാനിക്കും

കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചത്. അസുഖംമൂലമാണ് ഇ.പി ജയരാജന്‍ ഹാജരാകാത്തതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അടുത്ത തവണ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത് കുമാര്‍, സി.കെ. സദാശിവന്‍, കെ. കുഞ്ഞമ്മദ് എന്നിവരാണ് മറ്റു പ്രതികള്‍.

കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ പോയെങ്കിലും നിരാശയായിരുന്നു ഫലം. മാത്രമല്ല പിഡിപിപി നിയമ പ്രകാരം എടുത്ത കേസുകള്‍ പിന്‍വലിക്കാനാകില്ലെന്നു സുപ്രീംകോടതി കര്‍ശന താക്കീത് നല്‍കുകയും ചെയ്തിരുന്നു.

വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. 2015 ല്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അതിക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.