'ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ സംഘപരിവാര്‍ അജന്‍ഡ'; എല്‍.ഡി.എഫ് പ്രതിഷേധത്തിലേക്ക്; രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുമെന്നാണ് വിവരം.

ഗവര്‍ണറുടേത് അധികാരദുര്‍വിനിയോഗമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ സംഘപരിവാര്‍ അജന്‍ഡയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ശ്രമം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് നിയമവിരുദ്ധമായ അധികാര ദുര്‍വിനിയോഗം നടത്തി. ആര്‍എസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് ശ്രമം. ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

സര്‍വകലാശാല വിസിമാരുടെ നിയമനം, മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമെതിരായ തുറന്ന വിമര്‍ശനങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.

ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തും.