പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാന്‍: രമേശ് ചെന്നിത്തല

പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാനെന്ന് രമേശ് ചെന്നിത്തല. പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കും വിലക്കോ തടസമോയില്ല. കേരളത്തിലെ കോണ്‍ഗ്രസിന് വേണ്ടത് പരിപൂര്‍ണ ഐക്യമാണെന്നും എല്ലാവും ഒന്നിച്ച് പ്രവര്‍ത്തിച്ച് മുന്നോട്ട് പോകണമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മില്‍ അകല്‍ച്ചയിലാണെന്ന പ്രചാരണം തള്ളിയ രമേശ് ചെന്നിത്തല, എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ അവസരമുണ്ടെന്നും എല്ലാവര്‍ക്കും അവരവരുടേതായ പ്രാധാന്യവുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ, പര്യടന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ശശി തരൂരിനെ വരുതിയില്‍ നിര്‍ത്താന്‍ കെപിസിസി അച്ചടക്ക സമിതി രംഗത്തിറങ്ങി. ശശി തരൂരിന് പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്ന് പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളില്‍ പങ്കെടുക്കാവൂ.

Read more

പാര്‍ട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികള്‍ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിര്‍ദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.