ഹൈക്കോടതിക്ക് മുമ്പില്‍ നടന്ന അഭിഭാഷക - മാധ്യമപ്രവര്‍ത്തക സംഘര്‍ഷം; അന്വേഷണ കമ്മീഷന്റെ കാലാവധി വീണ്ടും നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു

ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷം അന്വേഷിക്കുന്ന ജസ്റ്റീസ് പി.എ മുഹമ്മദ് കമ്മീഷന്‍ കാലാവധി ഒരിക്കൽ കൂടി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. ആറ് മാസത്തേക്ക് കൂടി സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതായി കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കണമെങ്കില്‍ കുറഞ്ഞത് ആറ് മാസം അനിവാര്യമാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന റിട്ട് പെറ്റീഷന്‍ തീര്‍പ്പാകാന്‍ സമയമെടുത്തതും പരിഗണനാ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടയ്ക്ക് മാറ്റം വരുത്തിയതുമാണ് അന്വേഷണം നീണ്ടുപോകാന്‍ കാരണമെന്നാണ് കമ്മീഷന്‍ അധികൃതരുടെ വിശദീകരണം. വീണ്ടും സമയം നീട്ടി നല്‍കണമെന്ന കമ്മീഷന്റെ ആവശ്യത്തോടെ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുളളത്.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുളള സംഘര്‍ഷത്തെ പറ്റിയുളള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങളെ ചോദ്യം ചെയ്ത് സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയാണ് കമ്മീഷന്റെ സമയം അപഹരിച്ചത്. പരാതി ഹൈക്കോടതി തീര്‍പ്പാക്കാന്‍ ഒന്നര വര്‍ഷം എടുത്തു. പരിഗണനാവിഷയങ്ങളില്‍ മാറ്റം വരുത്തണമെന്നായിരുന്നു കോടതി ഉത്തരവ്. കോടതി നിര്‍ദ്ദേശം കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഭേദഗതി വരുത്താന്‍ പിന്നെയും ആറ് മാസവും കൂടി എടുത്തു. അന്വേഷണ പരിധിയിലുളള പൊലീസിന്റെ അഭിഭാഷകനെ നിശ്ചയിക്കാന്‍ വൈകിയതും പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചതായി കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും വാദിക്കാന്‍ അഭിഭാഷകനെ നിയോഗിച്ചപ്പോള്‍ പൊലിസിന് അത് ഉണ്ടായില്ല. 2016 നവംബര്‍ 8-ന് കമ്മീഷനെ നിയോഗിച്ച് ഉത്തരവിറങ്ങിയെങ്കിലും ഓഫീസും സൗകര്യങ്ങളും ലഭിക്കാത്തത് കൊണ്ട് പ്രവര്‍ത്തനം വൈകിയെന്നും പരാതിയുണ്ട്. ഏറെ സമയമെടുത്താണ് എറണാകുളം മറൈന്‍ ഡ്രൈവിലെ ജി.സി.ഡി.എ കെട്ടിടത്തില്‍ ഓഫീസ് ലഭ്യമാക്കിയത്. ആദ്യകാലത്ത് അദ്ധ്യക്ഷന്‍ ജസ്റ്റീസ് പി.എ.മുഹമ്മദിന്റെ വീട്ടിലാണ് ഓഫീസ് പ്രവര്‍ത്തിച്ചതെന്നും കമ്മീഷന്‍ അധികൃതര്‍ പറയുന്നു.

പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് കൊല്ലം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനാകാത്ത കമ്മീഷന് വേണ്ടി ഇതുവരെ രണ്ടുകോടിയില്‍പരം രൂപ ചെലവിട്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2016 ജൂണ്‍ 26-ന് നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ അതുവരെ 1.84 കോടി രൂപ ചെലവഴിച്ചെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നെയും മാസങ്ങള്‍ കടന്നു പോകുന്നതിനാല്‍ സര്‍ക്കാര്‍ പണം ചോര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ആറ് മാസം കൂടി സമയം നീട്ടണമെന്ന കമ്മീഷന്റെ ആവശ്യം പരിഗണിച്ചാല്‍ ചെലവ് പിന്നെയും കൂടും.