മണ്ണിടിച്ചില്‍; ഇടുക്കി സത്രം എയര്‍ സട്രിപ്പിന്റെ ഒരു ഭാഗം തകര്‍ന്നു, നിര്‍മ്മാണത്തില്‍ അപാകതയെന്ന് വിമര്‍ശനം

കനത്തമഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം എയര്‍ സ്ട്രിപ്പിലെ റണ്‍വേയുടെ ഒരു ഭാഗം തകര്‍ന്നു. എന്‍സിസിയുടെ എയര്‍ വിംഗ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിച്ചത്. റണ്‍വേയുടെ വശത്തുള്ള ഷോള്‍ഡറിന്റെ ഭാഗം ഒലിച്ചു പോയി. ഇതേ തുടര്‍ന്ന് ഇവിടെ വിമാനം ഇറക്കുന്ന കാര്യം ആശങ്കയിലായിരിക്കുകയാണ്.

നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്. റണ്‍വേയുടെ പരിസര പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് ശാസ്ത്രീയരീതിയില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് വിമര്‍ശനം.

നൂറ് മീറ്ററിലധികം നീളത്തില്‍ 150 അടിയോളം താഴ്ചയിലേക്കാണ് ടാറിംഗ് ഇടിഞ്ഞ് താണത്. ബാക്കി ഭാഗത്ത് വിള്ളലും വീണിട്ടുണ്ട്. നേരത്തെയും ഇവിടെ മണ്ണിടിഞ്ഞിരുന്നു. കോടികള്‍ മുടക്കിയാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് സത്രം എയര്‍ സ്ട്രിപ്പിലെ വന്‍ മണ്ണിടിച്ചിലിന് കാരണമായത്.