തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി അനധികൃതമായി നിലംനികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. തോമസ് ചാണ്ടിയുടെ കേസ് സംബന്ധിച്ച് കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഇതിനേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. നിലം നികത്തില്‍ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നിയമസഭയിലും പുറത്തും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍, കോടതിയില്‍ നല്‍കിയിരിക്കുന്ന രേഖകളില്‍ അവ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ അറിയിച്ചു. 2003-ലെ ഉപഗ്രഹ ചിത്രങ്ങളും റിപ്പോര്‍ട്ടുമാണ് കളക്ടര്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട നീയമം വന്നത് അതിനു ശേഷമാണെന്നും അതുകൊണ്ട് ഇത് എപ്പോള്‍ രൂപമാറ്റമുണ്ടായി എന്നുള്ളത് അവ്യക്തമാണെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. രേഖകളില്‍ അവ്യക്തതയുണ്ടെങ്കില്‍ കലക്ടറെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

ലേക് പാലസ് റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിക്കാന്‍ വയല്‍ നികത്തിയെന്ന കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കും ആലപ്പുഴയിലെ മുന്‍ കലക്ടര്‍ക്കും മുന്‍ സബ് കലക്ടര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, ഗൂഢാലോചന, അഴിമതിനിരോധന നിയമ ലംഘനം, നിലംനികത്തല്‍ നിരോധന നിയമ ലംഘനം, പൊതുമുതല്‍ അപഹരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണു കോടതി നിര്‍ദേശം.