'മത്സര രംഗത്ത് താനുണ്ടാകുമോയെന്ന കാര്യം ആറു മാസം മുമ്പേ ചോദിച്ചു, മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; കെ. വി തോമസ് ബി.ജെ.പിയില്‍ പോകില്ലെന്ന് റിപ്പോര്‍ട്ട്

മത്സര രംഗത്ത് താനുണ്ടാകുമോയെന്ന കാര്യം ആറു മാസം മുമ്പേ ചോദിച്ചു, മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് കെ വി തോമസിന്റെ പരാതി ന്യായമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നതായി സൂചന. എറണാകുളം മണ്ഡലത്തില്‍ ഇക്കുറിയും മത്സരിക്കാമെന്ന പ്രതീക്ഷയില്‍ കെ വി തോമസ് അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് എറണാകുളത്ത് ഹൈബി ഈഡന് നറുക്ക് വീണ വിവരം പാര്‍ട്ടി പ്രഖ്യാപിച്ചത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വ്യക്തിബന്ധമുള്ള കെ വി തോമസിനെ ഇത് വേദനിപ്പിച്ചു.

നേതൃത്വത്തിന് തന്നോട് നേരത്തെ പറയമായിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അല്ല അറിയിക്കേണ്ടതെന്നും കെ വി തോമസ് പരസ്യമായി പ്രതികരിച്ചിരുന്നു. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുമോയെന്ന ആശങ്കയും കെ വി തോമസിനുണ്ട്. ഇതോടെ കെ വി തോമസിന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തു. നിലവില്‍ യുഡിഎഫ് കണ്‍വീനായ ബെന്നി ബഹനാന്‍ ചാലക്കുടിയില്‍ മത്സരിക്കുന്ന പശ്ചത്താലായിരുന്നു വാഗ്ദാനം. അതേസമയം തനിക്ക് ഡല്‍ഹി കേന്ദ്രീകരിത്ത് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് കെ വി തോമസ് വ്യക്തമാക്കി.

ഇതോടെ ബിജെപി കെ വി തോമസിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ നീക്കം ആരംഭിച്ചു. കെ വി തോമസിനെ ബിജെപിയിലേക്ക് എത്തിക്കുന്നതിന് കേന്ദ്ര മന്ത്രി സമൃതി ഇറാനിയും നിര്‍മ്മല സീതാരാമനും നേരിട്ട് ശ്രമിക്കുന്നുണ്ട്. ഇതിനായി ഇരുനേതാക്കളും കെ വി തോമസിനെ ഫോണില്‍ വിളിച്ചിരുന്നു. എറണാകുളം മണ്ഡലത്തില്‍ തന്നെ കെ വി തോമസിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. നിലവില്‍ ബിഡിജെഎസിന് നല്‍കിയിരുന്ന സീറ്റ് ഇതിനായി ഏറ്റെടുക്കുന്നതായി സംസ്ഥാന ബിജെപിയിലും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

പക്ഷേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സുപ്രധാന പദവി കെ വി തോമസിന് നല്‍കാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബിജെപിയിലേക്ക് പോകുന്നതോട് കെ വി തോമസിന് താത്പര്യമില്ലെന്നാണ് സൂചനകള്‍. എങ്കിലും കെ വി തോമസിനെ ഇതിനകം സ്വാഗതം ചെയ്ത് സംസ്ഥാന ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ ഉന്നത സ്ഥാനം ലഭിച്ചാല്‍ കെ വി തോമസിന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കാം. അതിനാല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.