കുണ്ടറ പീഡന പരാതി; മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്, കേസ് എടുക്കാനാവില്ലെന്ന് റിപ്പോർട്ട്

കുണ്ടറ പീഡനകേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിൻറെ ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് കാട്ടി ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകി.

നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആർ സേതുനാഥൻ പിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്.

പീഡനപരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. ‘പീഡന പരാതി നല്ല നിലയിൽ തീർക്കണം’ എന്ന മന്ത്രിയുടെ പരാമർശത്തിൽ കുറ്റകരമായി ഒന്നും ഇല്ലെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

ഇരയുടെ പേരോ പരാമർശമോ ഇല്ലാത്തതിനാലും കേസ് പിൻവലിക്കണമെന്ന ഭീഷണിയോ ഇല്ലാത്തതിനാലു മാണ് മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയാത്തതാണ് എന്നാണ് വാദം.

യൂത്ത്‌ലീഗ് നേതാവായ സഹൽ നൽകിയ പരാതിയിലാണ് പോലീസ് റിപ്പോർട്ട്. മന്ത്രി പരാതി പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ കേസെടുക്കാൻ പോലീസിനാവില്ല. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

എൻ.സി.പി നേതാവിനെതിരായ പീഡന കേസ് പിൻവലിക്കാൻ പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം.

എന്നാൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുണ്ടായതാണ് പരാതിയെന്നും ഇതിൽ കഴമ്പില്ലെന്നും ആയിരുന്നു തുടക്കം മുതൽ മന്ത്രിയുടെയും എൻസിപിയുടെയും നിലപാട്.