മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മുതൽ കെ.ടി ജലീൽ പിച്ചും പേയും പറയൽ പതിവാക്കിയിരിക്കുകയാണ്; പരിഹാസവുമായി പി.കെ ഫിറോസ്

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കടുത്ത ആരോപണൾ ഉയർത്തുന്ന കെ.ടി ജലിൽ എംഎൽഎയ്ക്ക് മറുപടിയുമായി യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.

ലോകായുക്തയുടെയും ഹൈക്കോടതിയുടെയും വിധിയെ തുടർന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മുതൽ പിച്ചും പേയും പറയൽ പതിവാക്കിയിരിക്കുകയാണ് കെ.ടി ജലീലിെന്ന് ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

മന്ത്രിപ്പണി പോയപ്പോഴാണോ കള്ളപ്പണത്തെ കുറിച്ച് ഓർമ്മ വന്നത്. മലപ്പുറത്തെ ലീഗും കോൺഗ്രസും ഭരിക്കുന്ന ബേങ്കുകളിലെല്ലാം കള്ളപ്പണമാണെന്നും അത് കൊണ്ടാണ് കേരളബാങ്കിൽ ലയിക്കാത്തതെന്നും മൂപ്പർക്ക് വെളിപാടുണ്ടായിരിക്കുന്നെന്നും ഫിറോസ് കുറിച്ചു

ഫെയ്സ്ബുക്ക് കുറിപ്പ്

ലോകായുക്തയുടെയും ഹൈക്കോടതിയുടെയും വിധിയെ തുടർന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മുതൽ പിച്ചും പേയും പറയൽ പതിവാക്കിയിരിക്കുകയാണ് ശ്രീ. കെ.ടി ജലീൽ. കുഞ്ഞാലിക്കുട്ടി കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ ആവർത്തിച്ചാൽ ഇതിനൊരാശ്വാസം ലഭിക്കുമെന്ന് ആരോ ഉപദേശിച്ചത് കൊണ്ടാണോ എന്നറിയില്ല അതാണിപ്പോൾ കാര്യമായ പണി. കൂടെ കള്ളപ്പണം കള്ളപ്പണം എന്ന് ഇടക്കിടക്ക് ചേർക്കുന്നുമുണ്ട്.

ഏ.ആർ നഗർ ബാങ്കിൽ കള്ളപ്പണമുണ്ടെന്നാണ് യമണ്ടൻ വെളിപ്പെടുത്തൽ. അല്ലയോ ചങ്ങാതീ, ഇങ്ങളല്ലായിരുന്നോ അഞ്ച് കൊല്ലം കേരളം ഭരിച്ചത്. കള്ളപ്പണമുണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് നടപടി എടുത്തില്ല. മന്ത്രിപ്പണി പോയപ്പോഴാണോ കള്ളപ്പണത്തെ കുറിച്ച് ഓർമ്മ വന്നത്.
മലപ്പുറത്തെ ലീഗും കോൺഗ്രസും ഭരിക്കുന്ന ബേങ്കുകളിലെല്ലാം കള്ളപ്പണമാണെന്നും അത് കൊണ്ടാണ് കേരളബാങ്കിൽ ലയിക്കാത്തതെന്നും മൂപ്പർക്ക് വെളിപാടുണ്ടായിരിക്കുന്നു.

കേട്ടപാതി അന്വേഷണം തുടങ്ങിയപ്പോഴല്ലേ ഞെട്ടിക്കുന്ന കണ്ടെത്തൽ ഉണ്ടായത്. സി.പി.എം ഭരിക്കുന്ന പറപ്പൂർ സഹകരണ ബാങ്കിൽ മാത്രം സാധാരണക്കാരന്റെ എട്ട് കോടിയാണ് ഇവർ അടിച്ചു മാറ്റിയത്.

കാബൂളിവാല സിനിമയിലെ ഒരു രംഗമാണ് ഓർമ്മ വരുന്നത്. കള്ളൻമാരെ പിടിക്കാൻ വന്ന പോലീസുകാർ പരിശോധന പൂർത്തിയാക്കി പോകാൻ തുനിഞ്ഞപ്പോൾ തന്റെ മുറി കൂടി പരിശോധിച്ചിട്ടേ പോകാവൂ എന്ന് ശങ്കരാടി വാശി പിടിച്ചു. ഒടുവിൽ ശങ്കരാടിയുടെ മുറിയിൽ നിന്ന് തന്നെ കള്ളൻമാരെ പിടി കൂടിയ അതേ അവസ്ഥയിലാണ് നമ്മുടെ കെ.ടി ജലീലിപ്പോൾ.