എൻജിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെ.എസ്‌.യു; പ്രവർത്തകർ ചോദ്യപേപ്പര്‍  വലിച്ചെറിഞ്ഞു, സംഘർഷം, ലാത്തിച്ചാർജ്

എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു. തിരുവനന്തപുരം ശ്രീകാര്യം സിഇടി എഞ്ചനീയറിംഗ് കോളെജിലാണ് സംഭവം. പരീക്ഷാ ബഹിഷ്കരണ സമരത്തിനിടെ സംഘർഷം ഉണ്ടായി. കെഎസ്‌യു പ്രവര്‍ത്തകര്‍ കോളെജിലെ ഓഫീസില്‍ കയറി ചോദ്യപേപ്പര്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പരീക്ഷാ ബഹിഷ്കരണ സമരത്തിനിടെ സംഘർഷം ഉടലെടുത്തതിനെ തുടർന്ന്  പൊലീസ് ലാത്തിവീശി. ലാത്തിചാർജിൽ തലയ്ക്ക് പരുക്കേറ്റ വിദ്യാർഥിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ് കോളജുകളിലും കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കുകയാണ്.

എന്നാല്‍ പരീക്ഷ മാറ്റില്ലെന്ന തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് സര്‍വ്വകലാശാല. പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ഉണ്ടാകുമെന്നും സര്‍വ്വകലാശാല അറിയിച്ചു.